10-October-2023 -
By. news desk
കൊച്ചി: വര്‍ധിച്ചുവരുന്ന ഭക്ഷ്യ ആവശ്യകത, പരിസ്ഥിതി നശീകരണം, കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ വരുംതലമുറക്ക് വേണ്ടി കാര്‍ഷിക ഭക്ഷ്യോല്പാദന വ്യവസ്ഥ സുസ്ഥിരമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. കൊച്ചിയില്‍ 16ാമത് അഗ്രികള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കടലിലെയും ഉള്‍നാടന്‍ ജലാശയങ്ങളിലെയും മലിനീകരണം ജീവജാലങ്ങള്‍ക്കും കടലിന്റ ആവാസവ്യവസ്ഥക്കും കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ ഈ മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു.പൊക്കാളി അരി പോലുള്ള പരമ്പരാഗത വിളകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പൊക്കാളി കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ വേണം. ഏറ്റവും പുതിയ ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ കാര്ഷികോല്പാദനം മെച്ചപ്പെടുത്താനാകും. കാര്ഷികോല്പാദനരംഗത്ത് വന്‍തോതില്‍ യന്ത്രവല്‍കൃതരീതികള്‍ കൊണ്ടുവരുന്നതിന് ഗവേഷകരുടെ പരിശ്രമം വേണം.കാര്‍ഷികമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ പകുതിയോളം സ്ത്രീകളാണ്. ഇത് പരിഗണിച്ച്, കാര്‍ഷികമേഖലയില്‍ സ്ത്രീസൗഹൃദ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ടതുണ്ടെന്നും മന്ത്രി രൂപാല കൂട്ടിച്ചേര്‍ത്തു.നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് (നാസ്) സമ്മേളനം സംഘടിപ്പിക്കുന്നത്. നാസ് ഏര്‍പ്പെടുത്തിയ വിവിധ പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമയി സംഘടിപ്പിച്ച എക്സ്പോയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. അന്തരിച്ച കാര്‍ഷിക ശാസ്ത്രജ്ഞനും നാസിന്റെ പ്രഥമ പ്രസിഡണ്ടുമായ ഡോ എം എസ് സ്വാമിനാഥന് കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.കേന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ ഹിമാന്‍ഷു പഥക് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യയുടെ ഭക്ഷ്യ ആവശ്യകത 2033 ഓടെ 340355 മെട്രിക് ടണ്ണായി വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയില്‍ വഴിത്തിരിവായേക്കാവുന്ന ഗവേഷണങ്ങള്‍ ജനിതകപഠനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യമായി ലഭ്യമാകുന്ന രീതിയില്‍ ഭക്ഷ്യപോഷക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിച്ചുകൊണ്ടായിരിക്കണമിത്. സംസ്ഥാന സര്‍ക്കാര്‍ ഈയിടെ ആരംഭിച്ച പോഷക സമൃദ്ധി പദ്ധതി ഇത്തരത്തില്‍ ലക്ഷ്യമിട്ടുള്ളതാണ്. കാര്‍ബണ്‍ ന്യൂട്രല്‍ കാര്‍ഷിക വികസന സമ്പ്രദായത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പ്രസാദ് പറഞ്ഞു.ഹൈബി ഈഡന് എംപി, ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ കെ ജെന എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
നാല് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഗ്രസിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്.ഇന്ത്യയിലെ കാര്‍ഷികഅനുബന്ധ മേഖലകളിലെ സുപ്രധാന പഠനങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രഗല്ഭ കാര്‍ഷിക സാമ്പത്തികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ആസൂത്രണവിദഗധര്‍, കര്‍ഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കാര്ഷികഭക്ഷ്യോല്പാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകള്‍, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്കരണം, ഡിജിറ്റല്‍ കൃഷി, നിര്‍മിതബുദ്ധി അധിഷ്ടിത കാര്‍ഷികവൃത്തി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ലാകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ മാധൂര്‍ ഗൗതം, ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ല, കാര്‍ഷിക വില കമ്മീഷന് ചെയര്മാന് ഡോ വിജയ് പോള്‍ ശര്‍മ, ഡോ പ്രഭു പിന്‍ഗാളി, ഡോ റിഷി ശര്‍മ, ഡോ കടമ്പോട്ട് സിദ്ധീഖ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര സമ്മേളനത്തിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
അഞ്ച് പ്ലീനറി പ്രഭാഷണങ്ങള്‍, മൂന്ന് പാനല്‍ ചര്‍ച്ചകള്‍, നാല് സിംപോസിയങ്ങള്‍ എന്നിവ കോണ്‍ഗ്രസിലുണ്ട്.
12ന് നടക്കുന്ന കര്‍ഷക സംഗമം സമ്മേളനത്തിന്റെ മുഖ്യആകര്ഷങ്ങളിലൊന്നാണ്.ഭക്ഷ്യപ്രതിസന്ധിയെകുറിച്ചുള്ള പുനരാലോചന എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ ചാനിങ് ആരന്റ്റ് പ്ലീനറി പ്രഭാഷണം നാളെ നടത്തും. കാര്ഷികഭക്ഷ്യോല്പാദനരംഗം മെച്ചപ്പെടുത്താനുള്ള വിദ്യാഭ്യാസസമ്പ്രദായം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച. തീരദേശകൃഷിരീതികള്, ചെറുധാന്യങ്ങള്‍, കാര്‍ഷികമേഖലയിലെ ലിംഗസമത്വം എന്നീ വിഷയങ്ങളില്‍ മൂന്ന് സിംപോസിയങ്ങള്‍. ഭക്ഷ്യപോഷകസുരക്ഷ, ജനിതകപഠനം ജീന്‍ എഡിറ്റിംഗ് എന്നീ തീമുകളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ ടെക്നിക്കല്‍ സെഷനുകള്‍. ഡോ എം എസ് ബാംജി, ഡോ പികെ ജോഷി, ഡോ മധുര സ്വാമിനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.